ഇടുക്കി: ഇടുക്കി വാത്തിക്കുടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ശ്രീജക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ശ്രീജ. വീട്ടിലെത്താൻ വൈകിയെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ഭർത്താവ് യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും കയ്യിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രാണവേദനക്കിടയിലും ശ്രീജ തന്നെയാണ് മറ്റ് പഞ്ചായത്തംഗങ്ങളെ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചത്. പഞ്ചായത്തംഗങ്ങൾ എത്തി യുവതിയെ ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഭർത്താവ് അനിലിനെ പിടികൂടി പൊലീസിനെ എൽപ്പിച്ചു. ശ്രീജയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. അനിലിനെ കൊവിഡ് പരിശോധനക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ശ്രീജ അപകട നില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.