മംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസില്‍ നടനും നര്‍ത്തകനുമായ കിഷോര്‍ അമന്‍ ഷെട്ടിയെയും അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തതായി മംഗളുരു പൊലീസ്. നിരോധിത മയക്കുമരുന്ന് എംഡിഎംഎ അഥവാ എക്‌സ്ടസി വില്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

മയക്കുമരുന്ന് കൈവശം വച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.അക്വീല്‍ നൗഷീല്‍ ആണ് അറ്റസ്റ്റിലായ മറ്റൊരാള്‍. ഇരുവരും മോട്ടോര്‍സൈക്കിളില്‍ പോകുന്നതിനിടെയാണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. 

ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്നു ഷെട്ടി. 'എബിസിഡി: എനിബെഡി കാന്‍ ഡാന്‍സ്' എന്ന ചിത്രത്തിലും ഷെട്ടി അഭിനയിച്ചിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണ്‍, ഒരു മോട്ടോര്‍ സൈക്കിള്‍, ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.