കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടരവർഷത്തോളം വൈകിയതിന് ശേഷം, വിചാരണ തുടങ്ങുകയാണ്. ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി. ആദ്യദിവസം നടിയുടെ വിസ്താരമാണ് നടക്കുക. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അടച്ചിട്ട മുറിയിൽ ക്യാമറയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൂർണമായും ഇന്ന് പകർത്തും.

കേസ് പരിഗണിക്കാൻ വനിതാ ജഡ്ജി തന്നെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി കൊച്ചി സിബിഐ കോടതി ജഡ്ജിക്കാണ് ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്. പ്രത്യേക കോടതി ജ‍ഡ്ജി ഹണി വർഗീസിന്‍റെ മേൽനോട്ടത്തിൽ, കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ളവർക്ക് അവസരവും നൽകിയിരുന്നു.  

136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. ഇന്ന് ആക്രമണത്തിന് ഇരയായ നടിയെ വിസ്തരിക്കും. അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യും.

ഇതിനിടെ, വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ മറ്റൊരു ഹർജിയിൽ നാളെ വിധി വരാനിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാർ  മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടിയെ ആക്രമിച്ച കേസിനൊപ്പം വിചാരണ നടത്തരുതെന്നും രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപ് അനാവശ്യ ഹർജി നൽകി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും കേസ് വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരും കോടതിയെ അറിയിച്ചു. പ്രതികൾ ഫോണിൽ വിളിച്ച് ദിലീപിനെ ഭീഷണിപ്പെടുത്തി എന്നതിൽ തെളിവില്ലെന്നും, അത് ഒരു സാങ്കേതികപ്പിഴവായിരിക്കാമെന്നും, ഇതിന്‍റെ പേരിൽ കേസ് വിചാരണ വൈകിക്കരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ആറ് മാസത്തെ കാലാവധിയാണ് വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി പ്രത്യേക കോടതിയ്ക്ക് നൽകിയിരിക്കുന്നത്. 

Read more at: പൾസര്‍ സുനി ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ