കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജ‍‍ഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ സംബന്ധിച്ചും സർക്കാർ മറുപടി നൽകും. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയതിനാൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇക്കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

അതേ സമയം നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും ഹൊസ്ദുർ​ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരി​ഗണിക്കും.

കെ ബി ​ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ. 29ന് വൈകുന്നേരം 3.30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവ് ശേഖരിക്കാനാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രദീപ് കുമാറുമായി അടുത്ത ദിവസം തന്നെ കൊല്ലത്തേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു.