തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്‍റെ ഇടനിലക്കാര്‍ അഭിഭാഷകര്‍ ആണെന്ന് എന്ന് കണ്ടെത്തൽ.  സ്വര്‍ണക്കടത്തിന്‍റെ പ്രധാന ഇടനിലക്കാരായ തിരുവനന്തപുരത്തെ രണ്ട് അഭിഭാഷകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഡിആര്‍എ ഊര്‍ജ്ജിതമാക്കി. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. 25 കിലോ സ്വര്‍ണവുമായി പിടിയിലായത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയ സുനിൽ ആണ്. ദുബൈയിൽ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശി സ്ത്രീയും പിടിയിലായിട്ടുണ്ട്. 

ഇവര്‍ സ്വര്‍ണവുമായി വിമാനത്താവളത്തിൽ എത്തിയ സമയത്ത് തലസ്ഥാനത്തെ രണ്ട് അഭിഭാഷകരും വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാൽ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞ ഉടൻ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സുനിലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ അഭിഭാഷകരുടെ പങ്കിന് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.

കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചും സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. 

Read also :25 കിലോ സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത് കെഎസ്ആർടിസി കണ്ടക്ടർ