Asianet News MalayalamAsianet News Malayalam

ദൃശ്യം2 മോഡല്‍ അന്വേഷണം: ഇരട്ടക്കൊലക്കേസ് പ്രതി അഞ്ച് വര്‍ഷത്തിന് പിടിയില്‍

ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചു. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പലതവണ മൊഴിയെടുത്തു.
 

After 5 years double murder case accused arrested
Author
Palakkad, First Published Oct 30, 2021, 7:27 AM IST

ഫോട്ടോ കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്‍ നായര്‍, തങ്കമ്മ. പ്രതി രാജേന്ദ്രന്‍ 

പാലക്കാട്: കടമ്പഴിപ്പുറത്ത് (Kadambazhipuram) വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ (Double murder) കേസില്‍ അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്‍ നായരുടെയും ഭാര്യ തങ്കമ്മയുടെയും അയല്‍വാസി രാജേന്ദ്രനാണ് പിടിയിലായത്. ക്രൈംബ്രാഞ്ചിന്റെ (Crime branch) വര്‍ഷങ്ങള്‍ നീണ്ട ദൃശ്യം 2 (Drishyam2) മോഡല്‍ ഓപ്പറേഷനാണ് പ്രതിയെ കുടുക്കിയത്. 

അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14നായിരുന്നു കടമ്പഴിപ്പുറം കണ്ണുകുറുശി വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരും ഭാര്യ തങ്കമ്മയും കൊല്ലപ്പെടുന്നത്. ഗോപാലകൃഷ്ണന്‍ നായരുടെ ശരീരത്തില്‍ എണ്‍പതില്‍ പരം വെട്ടുകളും തങ്കമ്മയുടെ ശരീരത്തില്‍ നാല്‍പതില്‍ പരം വെട്ടുകളുമുണ്ടായിരുന്നു. ഈ ക്രൂരകൊലപാതകത്തിന് പിന്നില്‍ അയല്‍ വാസിയായ രാജേന്ദ്രനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു ആ ക്രൂര കൃത്യം നടത്തിയത്. അഞ്ചുമാസം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. 

ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചു. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പലതവണ മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം രാജേന്ദ്രനെ കുടുക്കി. കവര്‍ച്ചയായിരുന്നു ലക്ഷ്യം. കൊല്ലപ്പെട്ട തങ്കമ്മയിയുടെ ആറരപ്പവന്‍ സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും.
 

Follow Us:
Download App:
  • android
  • ios