കൊല്‍ക്കത്ത: 10 വര്‍ഷം മുമ്പ് സുഹൃത്തിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. കൊല്‍ക്കത്ത സ്വദേശിയായ ഷൗവിക് ചാറ്റര്‍ജി എന്ന 29 കാരന്‍ 2010 ലാണ് ബെംഗളുരുവിലെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അബോധാവസ്ഥയിലായത്. ഒരു വര്‍ഷം കോമയില്‍ കഴിഞ്ഞ ഷൗവിക് 2011 ല്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും താഴെ വീണതല്ലെന്നും ഷൗവിക് പൊലീസില്‍ അറിയിച്ചു. 

സുഹൃത്തും സഹപാഠിയുമായ ശശാങ്ക് ദാസും സുഹൃത്ത് ജിതേന്ദ്രയും ചേര്‍ന്നാണ് തന്നെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് ഷൗവിക് മൊഴി നല്‍കി. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ഷൗവിക് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതേ പെണ്‍കുട്ടിയെ ശശാങ്കിനും ഇഷ്ടമായിരുന്നുവെന്നും ഇതാണ് പ്രതികളെ കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബെംഗളുരുവില്‍ പഠിക്കുകയായിരുന്ന മൂവരും സുഹൃത്തുക്കളായിരുന്നു. 2010 ഡിസംബറില്‍ ഒരു ദിവസം ഷൗവിക് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ ശശാങ്കും ജിതേന്ദ്രയും ഷൗവിക്കിനെ ടെറസില്‍ നിന്ന് തള്ളിയിട്ടു. തലക്ക് ക്ഷതമേറ്റാണ് ഷൗവിക് ഒരു വര്‍ഷം കോമയില്‍ ആയത്. ഇരുവരും അറസ്റ്റിലായെങ്കിലും 2012 ആദ്യം ഇവര്‍ക്ക് ജാമ്യം ലഭിച്ചു. പിന്നീട് ഇരുവരും എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കി, സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ഇരുവരെയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഇവരെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചു.