തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മുഖംമുടി സംഘത്തിന്‍റെ കവര്‍ച്ച. പൊതുമേഖലാ സ്ഥാപനമായ ബെല്ലില്‍ ജീവനക്കാരുടെ സൊസൈറ്റിയില്‍ നിന്ന് ഒന്നരകോടി രൂപയോളം കവര്‍ന്നു. ഒരു മാസത്തിനിടെ തിരുച്ചിറപ്പള്ളിയില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ മോഷണമാണിത്.

അതീവ സുരക്ഷാ മേഖലയായ ഭാരത് ഹെവി ഇലക്ട്രിക്കലില്‍ ജീവനക്കാരുടെ സൊസൈറ്റിയിലാണ് കവര്‍ച്ച. പുലര്‍ച്ചയോടെയാണ് സൊസൈറ്റിയുടെ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കാണാം. 

ഇന്നലെ സൊസൈറ്റി അടയ്ക്കുമ്പോള്‍ ലോക്കര്‍ പൂട്ടിയിരുന്നില്ലെന്നാണ് ജീവനക്കാരന്‍റെ മൊഴി. ലോക്കര്‍ തകര്‍ക്കാതെയാണ് 1.51 കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നത്. ലോക്കര്‍ പൂട്ടിയിരുന്നില്ലെന്ന കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കവര്‍ച്ചയ്ക്ക് എത്തിയതാണോയെന്നും സംശയിക്കുന്നു. 

സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. അതീവ സുരക്ഷാ പ്രധാന്യമുള്ള മേഖല ആയതിനാല്‍ ജീവനക്കാര്‍ തന്നെയാണോ മോഷണത്തിന് പിന്നില്ലെന്ന് സംശയിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് ലളിതാ ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയില്‍ നിന്ന് മുഖം മൂടി ധരിച്ച് എത്തിയ മോഷ്ടാക്കല്‍ 13 കോടിയലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നത്. 

ഉത്തരേന്ത്യന്‍ സ്വദേശിതകളെയും തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മറ്റൊരു മോഷണം കൂടി തിരുച്ചിറപ്പള്ളിയെ വീണ്ടും ഭീതിയിലാഴ്ത്തുന്നത്. 

പ്രതീകാത്മക ചിത്രം