ദില്ലി: സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസിനെ ഗുരുഗ്രാമിലെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മിസ്തു സര്‍ക്കാര്‍ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ ഉടമയുടെ മോശം പെരുമാറ്റത്തില്‍ മിസ്തു അസ്വസ്ഥയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 

'' രാവിലെ രണ്ട് മണിക്ക് മകള്‍ എന്നെ വിളിച്ചിരുന്നു. പിജി ഉടമ തുടര്‍ച്ചയായി തന്നെ ഉപദ്രവിക്കുന്നുവെന്ന് അവള്‍ പറഞ്ഞിരുന്നു. മുറിയിലേക്ക് വരുന്നതിനിടെ അയാള്‍ തന്നെ അപമാനിച്ചുവെന്നും അവള്‍ പറഞ്ഞു. എന്നോട് സംസാരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. പിജി ഉടമ തന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്നും എങ്ങും പോകാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു'' - മിസ്തുവിന്‍റെ പിതാവ് എച്ച് സി സര്‍ക്കാര്‍ വ്യക്തമാക്കി. 

മകള്‍ക്ക് സിലിഗുരിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും കൂടുതല്‍ അപമാനം സഹിക്കാന്‍ അവള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. 

കുറച്ച് സമയത്തിന് ശേഷം പിജി ഉടമ എന്നെ വിളിക്കുകയും മകള്‍ എന്തോ ചെയ്തുവെന്ന് പറയുകയും ചെയ്തു. എന്നാല്‍ എന്‍റെ മകള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ചോദിച്ചിട്ട് അയാള്‍ മിണ്ടിയില്ല. ഉടന്‍ തന്നെ ഞാന്‍ പൊലീസില്‍ ബന്ധപ്പെട്ടു.''

'' പൊലീസ് വീട്ടിലെത്തിയപ്പോള്‍ അവള്‍ തൂങ്ങി മരിച്ചതായാണ് കണ്ടത്. ആ പിജി ഉടമ അവളോട് വല്ലതും ചെയ്തിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ മകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ അവള്‍ ആത്മഹത്യ ചെയ്യുമെന്ന് എന്നോട് സംസാരിച്ചപ്പോഴൊന്നും ഞാന്‍ കരുതിയില്ല'' - പിതാവ് കൂട്ടിച്ചേര്‍ത്തു