ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ക്യാബിൻ ക്രൂ ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനെ സ്വര്‍ണ്ണവുമായി പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനായ ദില്ലി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശി ആസാദ് നവനീത് സിംഗാ(28)ണ് കസ്റ്റംസിന്റെ പിടിയിലായത്. 63,56,810 രൂപക്കുള്ള 1.399 കിലോഗ്രാം മിശ്രിത സ്വർണവുമായാണ് ഇയാളെ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്.
ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ക്യാബിൻ ക്രൂ ആണ് ഇയാൾ. ധരിച്ചിരുന്ന ഷൂസിനുള്ളിൽ രണ്ട് പായ്ക്കറ്റുകളിലായി മിശ്രിത സ്വർണം ഒളിപ്പിച്ചുവച്ചായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരന്‍ കരിപ്പൂരിൽ എത്തിയിരുന്നത്. ഇയാളെ പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.
ഒറ്റ ദിവസം കടത്തിയത് കോടികളുടെ സ്വര്‍ണ്ണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം രണ്ട് തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വന്‍ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ വരുന്ന സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടിയിരുന്നു. ബഹ്റിനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ് പൊലീസ് ഒന്നരക്കോടി വില വരുന്ന സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്.

Read More : കരിപ്പൂരില്‍ പൊലീസിന്‍റെ സ്വര്‍ണ്ണവേട്ട; പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളില്‍ നിന്ന്
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണം തൊണ്ടയാട് എത്തിക്കാനായിരുന്നു നിര്‍ദ്ദശമെന്നാണ് അബ്ദു സലാം പൊലീസിന് നല്‍കിയ മൊഴി. ടാക്സി വിളിച്ച് തൊണ്ടയാടെത്താനാണ് നിര്‍ദ്ദശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

