കണ്ണിലെണ്ണയൊഴിച്ചാണ് പൊലീസുകാർ ഇതിന് കാവലിരിക്കുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണ്.
ബെംഗളൂരു: തീക്കട്ടയിൽ ഉറുമ്പരിക്കുമോയെന്ന ആശങ്കയിൽ ഒരു പൊലീസ് സ്റ്റേഷൻ. ഉറക്കമില്ലാതെ 7 കോടി രൂപയ്ക്ക് കാവലിരിക്കുന്നത് ഒരു സ്റ്റേഷനിലെ പൊലീസുകാർ. ബെംഗളൂരുവിലെ സിദ്ധാപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മാസങ്ങളായി കടുത്ത ആശങ്കയിൽ കഴിയുന്നത്. എടിഎമ്മിൽ നിറയ്ക്കേണ്ട പണം കവർന്ന കേസിലെ തൊണ്ടിമുതലാണ് മാസങ്ങളായി സിദ്ധാപുര പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത്. വൻതുകയുടെ തൊണ്ടിമുതലിന് സുരക്ഷയൊരുക്കേണ്ടതിനാൽ സ്റ്റേഷനിലെ പൊലീസുകാർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നിലവിലുള്ളത്.
കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാപ്പകൽ എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുപോയ 7 കോടി രൂപ ഒരു സംഘം കൊള്ളയടിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിഎംഎസ് എന്ന ഏജൻസിയിലെ മുൻ ജീവനക്കാരനായ സേവ്യർ, ഗോവിന്ദപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അണ്ണപ്പ നായിക്, സിഎംഎസ് ഏജൻസിയിലെ മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് 7 കോടി രൂപ കണ്ടെടുത്തത്.
ഉറക്കം നഷ്ടപ്പെട്ട് ഒരു സ്റ്റേഷനും ഉദ്യോഗസ്ഥരും
പിടിച്ചെടുത്ത ഈ പണം കഴിഞ്ഞ നാല് മാസമായി സിദ്ധാപുര സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. കണ്ണിലെണ്ണയൊഴിച്ചാണ് പൊലീസുകാർ ഇതിന് കാവലിരിക്കുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണ്. രാത്രിയിൽ ആരെങ്കിലും സ്റ്റേഷനിലേക്ക് വന്നാൽ അവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അകത്തേക്ക് വിടുന്നത്. പരാതി നൽകാനെത്തുന്നവരെ മാത്രമേ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.
വൻതുക സ്റ്റേഷനിലുള്ളതിനാൽ രാത്രിയിൽ കുറച്ച് മണിക്കൂറുകൾ സ്റ്റേഷൻ്റെ വാതിൽ അടച്ചിടാറുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ അവകാശവാദം പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഒരു പൊലീസ് സ്റ്റേഷനാകുമ്പോൾ അവിടെ പിടിച്ചെടുത്ത ഒരുപാട് സാധനങ്ങളും പണവുമൊക്കെ ഉണ്ടാകും. കോടതിയിൽ നിന്ന് ഉത്തരവ് വരുന്നത് വരെ അത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതുപോലെ തന്നെയാണ് ഈ പണത്തിൻ്റെ കാര്യവും. വലിയ തുക സ്റ്റേഷനിലുള്ളതുകൊണ്ട് ഞങ്ങൾക്ക് പ്രത്യേക ടെൻഷനൊന്നുമില്ല. കോടതി ഉത്തരവ് കിട്ടിയാലുടൻ പണം ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.


