മലപ്പുറം: വിമാന കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും പണം തട്ടി. തൊഴിൽ വാഗ്ദാനം ചെയ്ത ഓണ് ലൈൻ സൈറ്റുകളിൽ രജിസ്ട്രർ ചെയ്തവർക്കാണ് പണം നഷ്ടമായത്. പണം നഷ്ടമായ യുവാക്കള്‍ സൈബർ പൊലീസിൽ പരാതി നൽകി.

പ്രമുഖ വിമാന കമ്പനികളില്‍ ജോലി, ആകര്‍ഷകമായ ശന്പളം എന്നിവയായിരുന്നു ഓണ്‍ലൈൻ വഴി അപേക്ഷിച്ചവർക്ക് ലഭിച്ച വാഗ്ദാനങ്ങൾ. തൊഴിൽ രഹിതരായ ബിരുദധാരികളെയാണ് പ്രധാനമായും ഇവർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ ആളാണ് മലപ്പുറം സ്വദേശിയായ ജസീൽ. യാതൊരുവിധ സംശയവും നൽകാതെ വിമാന കന്പനികളിലെ ഉദ്യോഗസ്ഥരെ പോലെയാണ് തട്ടിപ്പ് സംഘം ഉദ്യോഗാര്‍ഥികളോട് സംസാരിക്കുന്നത്.

ഇൻറര്‍വ്യൂ പാസായതിന് പിന്നാലെ ആദ്യ ഗഡുവായി 1850 രൂപയും ഓഫര്‍ ലെറ്ററിന്റെ പേരില്‍ 8500 രൂപയും വാങ്ങി. ഗൂഗില്‍ പേയിലൂടെയാണ് സംഘം പണം തട്ടുന്നത്. ഗൂഗിൾ പേ ഇല്ലാത്തവര്‍ക്ക് മധ്യപ്രദേശിലെ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ അയച്ചു നൽകും. ജോലിക്ക് കയറും മുന്‍പായി 16500 രൂപകൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന സംശയം ജസീലിന് ഉണ്ടായത്.

ഇൻഡിഗോ എയര്‍ലൈൻസ്, എയര്‍ ഇന്ത്യ തുടങ്ങീ പ്രമുഖ എയര്‍ലൈൻസിൻറെ പേരിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. പണം നഷ്ടമായവര്‍ പരാതി നൽകിയതിന് പിന്നാലെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി സൈബ‌ര്‍ പൊലീസുമെത്തി.