കൊച്ചി: വനിത നൽകിയ ക്വട്ടേഷനിൽ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ  കുട്ടമശേരി സ്വദേശി കൊടവത്ത് വി എം ഫൈസലാണ്  15 അംഗ ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചതായി പരാതി നൽകിയിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ വനിതകളിൽ ഒരാളാണ് ഫൈസലിനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം. വിമാനത്താവളത്തിൽ വച്ചുണ്ടായ വാക്കുതർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിൽ അക്വഡക്ടിന് സമീപം വിളിച്ച് വരുത്തി.  സംശയം തോന്നിയ ഫൈസൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോൽ സംഘം കൈക്കലാക്കി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിക്കുകയായിരുന്നു.

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും ഫൈസൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ഫൈസലിൻറെ മുഖത്തു നീരു വന്ന് വീർത്തിട്ടുണ്ട്. പുറത്ത് അടിയേറ്റ പാടുകളുമുണ്ട്. മര്‍ദനത്തിന് പിന്നാലെ ഫൈസല്‍ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.