എക്സൈസ് റെയ്ഡിനു പിന്നാലെ ഒളിവില്‍ പോയ എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി ജിന്‍റോയെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഇന്നലെയാണ് മൂത്തകുന്നത്ത് വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്

എറണാകുളം പറവൂരിനടുത്ത് മൂത്തകുന്നത്ത് വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം നടത്തിയത് സിപിഐയുടെ യുവജന നേതാവ്. എക്സൈസ് റെയ്ഡിനു പിന്നാലെ ഒളിവില്‍ പോയ എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി ജിന്‍റോയെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഇന്നലെയാണ് മൂത്തകുന്നത്ത് വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്നരമാസം നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഇന്നലെ റെയ്ഡ് നടത്തിയത്.

250 ലിറ്റർ വ്യാജ വിദേശ മദ്യവും വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും അടക്കമുള്ളവ കണ്ടെത്തിയ വ്യാജ വിദേശമദ്യ നിര്‍മാണ കേന്ദ്രം എക്സൈസ് സീല്‍ ചെയ്തിരുന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്റ്റിക്കറുകൾ പതിപ്പിച്ച വിദേശ മദ്യ കുപ്പികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒറ്റയടിയ്ക്ക് വൻതോതിൽ വ്യാജ മദ്യം നി‍ർമിക്കാനുള്ള സൗകര്യങ്ങളെല്ലാം മദ്യനിർമാണ കേന്ദ്രമാക്കി മാറ്റിയ വീട്ടിലുണ്ടായിരുന്നു.

ഇതിനായി രണ്ട് ബോട്ടിലിംഗ് മെഷീനുകളും ബ്ലെൻഡിംഗ് മെഷീനും ഇവിടെയുണ്ടായിരുന്നു. രണ്ട് വലിയ ടാങ്കുകളിൽ നിന്ന് സ്പിരിറ്റ് ഒഴുക്കിയായിരുന്നു വ്യാജ മദ്യ നിർമാണം. റെയ്ഡിൽ സർക്കാരിന്‍റെത് തോന്നിക്കുന്ന വ്യാജ സെക്യൂരിറ്റി ലേബലുകളും, 2100 വ്യാജ ഹോളോഗ്രം സ്റ്റിക്കറുകളും കണ്ടെടുത്തു. ജനപ്രിയ ബ്രാൻഡുകളുടെ വിദേശ മദ്യമാണ് ഇവിടെ വ്യാജമായി നിർമിച്ചിരുന്നത്. പരിശോധനയിൽ മദ്യം നിറക്കാൻ ആവശ്യമായ 35 ലിറ്ററിന്‍റെ 60 കന്നാസുകളും മറ്റ് വ്യാജമദ്യ നിർമാണ സാമഗ്രഹികളും കണ്ടെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ബിവറേജ് അവധി ദിവസങ്ങള്‍ ലക്ഷ്യമിട്ട് അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്നയാള്‍ കോഴിക്കോട് പിടിയിലായിരുന്നു. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50)ആണ് അറസ്റ്റിലായത്. പന്ത്രണ്ട് കുപ്പി നെപ്പോളിയൻ ബ്രാൻഡ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചില്ലറ വിൽപ്പന നടത്തിയിരുന്ന മാക്ഡവൽസ് ബ്രാൻഡ് മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പല തവണകളായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങി ശേഖരിച്ച് ഡ്രൈ ഡേ ദിവസം വില്‍ക്കുകയാണ് പ്രതി ചെയ്തിരുന്നത്.