കോൺഗ്രസ് പ്രവർത്തകനായ ജൊഗീന്ദർ സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ പൊതുകുളം മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് അകാലിദൾ യുവനേതാവിനെ  കൊലപ്പെടുത്തയത്

ചണ്ഡീഖണ്ഡ്: പഞ്ചാബിലെ ബട്ടാലയില്‍ അകാലിദൾ യുവനേതാവിനെ വെടിവെച്ച് കൊന്നു. പൊതുകുളം നികത്തുന്നത് തടയാനെത്തിയപ്പോഴായിന്നു കൊലപാതകം. രാഷ്ട്രീയ കൊലപാതകമെന്ന് അകാലിദൾ ആരോപിച്ചു. 24 കാരനായ പ്രാദേശിക അകാലിദൾ നേതാവ് മന്‍ജ്യോത് സിംഗ് ആണ് ‍ഞായറാഴ്ച വൈകിട്ട് ബട്ടാലക്കടുത്തുള്ള ചാക് കുലിയാന്‍ ഗ്രാമത്തില്‍ വെടിയേറ്റ് മരിച്ചത്. 

കോൺഗ്രസ് പ്രവർത്തകനായ ജൊഗീന്ദർ സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ ഒരു കുളം മണ്ണിട്ട് നികത്താനുളള ശ്രമം നടന്നത് മന്‍ജ്യോതും സുഹൃത്തുക്കളും എതിർത്തിരുന്നു. തർക്കം മൂത്തപ്പോൾ ജൊഗീന്ദറിന്‍റെ മകന്‍ വീട്ടില്‍ നിന്നും തോക്കുമായെത്തി. തുടർന്ന് ജൊഗീന്ദർ മന്‍ജ്യോതിനും സുഹൃത്തുക്കൾക്കും നേരെ വെടിയുതിർത്തു. മൂന്ന് റൗണ്ട് വെടിയേറ്റ മൻജ്യോത് തൽക്ഷണം മരിച്ചു. പരിക്കേറ്റ സുഹൃത്തുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊലപാതകത്തിലെ പ്രതികളായ ജൊഗീന്ദറിനെയും മകനെയും സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ മന്‍ജ്യോതിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി അകാലിദൾ നേതൃത്വം രംഗത്തെത്തി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം പൊലീസ് നിഷേധിച്ചു.

ഉത്തർ പ്രദേശിൽ റോഡ് നിർമാണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമാജ് വാദി നേതാവിനേയും മകനേയും ജനമധ്യത്തിൽ വെടിവച്ച് കൊന്നതിന്റെ നടുക്കം മാറുന്നതിനിടെയാണ് ഉത്തരേന്ത്യയിൽ പൊതുകുളം നികത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ സമാനമായ രീതിയിലുള്ള മറ്റൊരു അരുംകൊല നടക്കുന്നത്.