ഒരു തവണ മാത്രമാണ് ജിഷ മോള്‍ കള്ളനോട്ട് കൈകാര്യം ചെയ്തതെങ്കിലും സുഹൃത്തുക്കളുടെ നിയമവിരുദ്ധ ഇടപാടിനെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ആലപ്പുഴ: ആലപ്പുഴയില്‍ വനിതാ കൃഷി ഓഫീസര്‍ ജിഷ മോള്‍ പ്രതിയായ കള്ളനോട്ട് കേസിൽ ഉടന്‍ കുറ്റപത്രം നൽകും. കേസില്‍ പത്ത് പ്രതികളുണ്ട്. ഒരു തവണ മാത്രമാണ് ജിഷ മോള്‍ കള്ളനോട്ട് കൈകാര്യം ചെയ്തതെങ്കിലും സുഹൃത്തുക്കളുടെ നിയമവിരുദ്ധ ഇടപാടിനെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, കള്ളനോട്ട് എവിടെയാണ് അച്ചടിക്കുന്നത് എന്ന കാര്യത്തിൽ ഒരു തുമ്പും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 23 നാണ് എടത്വ കൃഷി ഓഫീസര്‍ ജിഷ മോള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് പുറത്ത് വരുന്നത്. ആലപ്പുഴയിലെ സിനി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍, ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകളില്‍ 500 ന്‍റെ ഏഴ് നോട്ടുകള്‍ കള്ളനോട്ടാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ജിഷ മോള്‍ സാധനം വാങ്ങാന് കൊടുത്ത വിട്ട പണമാണെന്ന് തെളിഞ്ഞു. തുടക്കത്തില്‍ ഇക്കാര്യം സമ്മതിക്കാന്‍ വിസമ്മതിച്ച ജിഷ മോള്‍, തെളിവുകള്‍ എതിരായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Also Read: പാറാലിലെ ശ്രീരാഗിന്‍റെ പേരിൽ, പാഴ്സല്‍ ഫ്രം റോട്ടർഡാം; ഡാർക്ക് വെബ്ബിന്‍റെ നിഗൂഢ വലയിലെ കണ്ണി, ഞെട്ടി എക്സൈസ്

ആലപ്പുഴയിലെ കളരി ആശാനായ അജീഷാണ് കേസ് പിടിക്കപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് ജിഷമോള്‍ക്ക് പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ കൈമാറിയത്. പുതിയ വീട് വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായാണ് പണം കൈമാറിയത്. സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും ഒരുമിച്ച് ഉപയോഗിക്കരുതെന്നും അജീഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

YouTube video player

എന്നാല്‍ കാര്‍ മൂടുന്ന ടര്‍പോളിന്‍ വാങ്ങുന്നതിന് ജിഷ, ജീവനക്കാരിന്‍റെ കൈവശം 4000 രൂപ കൊടുത്തുവിടുകയായിരുന്നു. കേസില്‍ ആകെ 10 പ്രതികളാണുള്ളത്. മിക്കപ്രതികള്‍ക്കും ഏറെനാളായി കള്ളനോട്ട് ശൃഖലയുമായി ബന്ധമുണ്ട്. ബംഗ്ലൂരുവിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് സംഘത്തിന് കള്ളനോട്ട് കൈമാറുന്നത്. ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ട് കൊടുത്താല്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് ലഭിക്കും. ചില അടയാളങ്ങള്‍ കൈമാറിയാണ് കൂടിക്കാഴ്ച. എന്നാല്‍ ഈ കള്ളനോട്ടുകള്‍ കൈമാറുന്നവരെക്കുറിച്ച ഒന്നും അറിയില്ലെന്നാണ് പ്രതികളുടെ മൊഴി. അത് കൊണ്ട് തന്നെ എവിടെയാണ് ഈ നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് കണ്ടെത്താന്‍ ക്രൈംബ്രഞ്ചിന് കഴിഞ്ഞിട്ടില്ല.