ലക്നൗ: മദ്യലഹരിയില്‍ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് പണയംവെച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് സുഹൃത്തുക്കള്‍ക്ക് ഭാര്യയെ പണയം വെക്കുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. 

ഭര്‍ത്താവിന്‍റെ സുഹൃത്തായ അരുണ്‍ ബന്ധുവായ അനില്‍ എന്നിവര്‍ സ്ഥിരമായി മദ്യപിക്കുന്നതിന് ഇവരുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു ബെറ്റിനിടെ പണമില്ലാതായതോടെ ഭര്‍ത്താവ് ഭാര്യയെ പണയം വെച്ചു. ബെറ്റില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതോടെ അയാളുടെ സമ്മതത്തോടെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 

പീഡനത്തിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടു പോയി. എന്നാല്‍ ഭര്‍ത്താവ് മാപ്പപേക്ഷിച്ചതോടെ അവര്‍ വീണ്ടും തിരിച്ചു വന്നു. എന്നാല്‍ വഴിയില്‍ വെച്ച് വാഹനം നിര്‍ത്തിയ ഭര്‍ത്താവ് യുവതിയെ വീണ്ടും സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെയും കോടതിയെയും സമീപിച്ചത്.