കൊച്ചി: ആലുവയിലെ സ്വർണ കവർച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവ‍ർച്ചാസംഘങ്ങള്‍ തന്നെയാണെന്ന നിഗമനത്തില്‍ ഉറച്ച് പോലീസ്. എടയാറിലെ സ്വർണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി  കണ്ടെത്തിയതോടെയാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 

പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായിരന്നു. മോഷണം നടന്ന ദിവസം രാത്രി സ്വർണശുദ്ധീകരണ ശാലയ്ക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച കവർച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യമെന്തെന്നന്വേഷിച്ചിരുന്നു.

ഫാക്ടറിയില്‍ പ്രവർത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവർച്ചാ സംഘത്തിന്‍റെ മറുപടിയെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി.

ഈ ജീവനക്കാരനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ജീവനക്കാരന്‍റെ മൊഴിയിൽ നിന്നാണ് പ്രാദേശിക കവർച്ചാ സംഘങ്ങളെകുറിച്ചുള്ള സംശയം ബലപ്പെട്ടത്.

സ്വർണ ശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരുടെ ഫോൺവിളി വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ചിലരെ സംശയമുണ്ടെന്ന് സ്ഥാപന ഉടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരെയും പോലീസ് ചോദ്യം ചെയ്യും.