കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാൽ പ്രതികളെ പറ്റി സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരിൽ നിന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസിൽ കൂടുതൽപേരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
കൊച്ചി: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം. കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
എന്നാൽ പ്രതികളെ പറ്റി സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരിൽ നിന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസിൽ കൂടുതൽപേരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
സ്വർണവുമായി ബൈക്കിൽ കടന്ന രണ്ടുപേരെ തിരിച്ചറിയാൻ സ്വർണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്ന ആൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഈ സൂചനയുടെ ചുവടുപിടിച്ച് പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികൾ ഉപയോഗിച്ച ബൈക്ക് ഇടയ്ക്കുവച്ച് മാറി മറ്റൊരു വാഹനത്തിൽ പോയെന്നും പൊലീസ് സംശയിക്കുന്നു. ഇത്തരത്തിൽ വാഹനങ്ങൾ മാറുന്നതിന്‍റെ ദൃശ്യങ്ങൾക്കായും അന്വേഷണം നടക്കുന്നുണ്ട്.
