തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ നിര്‍ണായക തെളിവായ രാഖിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം വേട്ടമുക്കിൽ നിന്നാണ് പ്രതികൾ ഉപേക്ഷിച്ച രാഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്. പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെടുത്തത്.

വസ്ത്രത്തില്‍ രക്തക്കറയുണ്ട്. കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും കൊലയ്ക്ക് ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിനടുത്തുള്ള അമ്പൂരി വാഴച്ചാലിൽ നിന്നാണ് പല ഭാ​ഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ മൊബൈൽ ലഭിച്ചത്. 

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ മൂന്ന് ഭാ​ഗങ്ങളായി പൊട്ടിച്ച് വിവിധഭാ​ഗങ്ങളിൽ ഉപേക്ഷിച്ചത്. രാഖിയുടെ വസ്ത്രവും ഹാന്‍ഡ് ബാഗും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രക്കിടെ ബസില്‍ നിന്നും ഉപേക്ഷിച്ചുവെന്നാണ് കേസിലെ പ്രധാന പ്രതി അഖിലിന്‍റെ മൊഴി.