തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെക്കൊന്ന് കുഴിച്ചുമൂടിയ കേസിലെ രണ്ടാം പ്രതി രാഹുല്‍  പൊലീസില്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു മുമ്പില്‍ മകന്‍ കീഴടങ്ങിയെന്നാണ് അച്ഛന്‍ പറയുന്നത്. 

എന്നാല്‍, പ്രതി കീഴടങ്ങിയെന്നതിന് പൊലീസിന്‍റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയായ സൈനികന്‍ അഖിലിന്‍റെ ജ്യേഷ്ഠനാണ് രാഹുല്‍. ഇരുവരും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം അഖിലും രാഹുലും ഒളിവിലാണ്. ആദര്‍ശിനെ പൊലീസ് പിടികൂടിയിരുന്നു.

തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് അഖിലിന്‍റെ നിര്‍മ്മാണം നടക്കുന്ന വീടിനു സമീപം കുഴിച്ചിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. രാഖിയും അഖിലും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞയിടയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചു. ആ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും രാഖി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.