തിരുവനന്തപുരം: തിരുപുറത്ത് നിന്ന് ഒരു മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സൈനികന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുമ്പായത് മൊബൈൽ ഫോൺ. രാഖിയുടെ മൊബൈൽ ഫോൺ അവസാനം പ്രവർത്തിച്ചത് അമ്പൂരിയിൽ നിന്നാണെന്ന് വ്യക്തമായതാണ് കേസിൽ നിർണ്ണായകമായത്.

തിരുപുറം പുത്തൻകഡട ജോയ് ഭവനിൽ രാജന്റെ മകൾ രാഖിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍ നായരാണ് മുഖ്യപ്രതിയെന്നാണ് സംശയം. ഈ 24 കാരൻ സൈനികനാണ്. ഇദ്ദേഹവും സഹോദരൻ രാഹുലും ഒളിവിലാണ്.

മൊബൈൽ ഫോണിൽ വന്ന മിസ്‌ഡ് കോളിൽ നിന്നാണ് ഇരുവരുടെയും സൗഹൃദം വളർന്നത്. കഴിഞ്ഞ ആറ് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഖിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതോടെ ഈ ബന്ധം വഷളായി. അഖിലുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഖി തങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞതായി വിവരമുണ്ട്. ഇതേ തുടർന്നുള്ള തർക്കങ്ങളാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അഖിലുമായുള്ള സൗഹൃദത്തിന്റെ വിവരം പൊലീസിന് വ്യക്തമായി. പിന്നീട് അഖിലിനെ അന്വേഷിച്ചെങ്കിലും കഴിഞ്ഞ മാസം 27 ന് ദില്ലിയിലെ ജോലി സ്ഥലത്തേക്ക് പോയെന്നായിരുന്നു കുടുംബാംഗങ്ങളുടെ മൊഴി. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇദ്ദേഹം ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി.

അമ്പൂരിയിലെ അഖിലിന്റെ ഉറ്റസുഹൃത്ത് ആദർശിനെ ചോദ്യം ചെയ്ത പൊലീസിന്, ഇദ്ദേഹത്തിൽ നിന്നാണ് രാഖിയെ കൊന്ന് കുഴിച്ചിട്ടതായുള്ള വിവരം ലഭിച്ചത്.