കോട്ടയം: കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കും. കേസന്വേഷിക്കാൻ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു. പട്ടികജാതി പട്ടികവർഗ പീഡന നിരോധനം നിയമം അടക്കം ചുമത്തിയ സാഹചര്യത്തിൽ അടൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

റിമാന്റിലുള്ള പ്രതിയെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ സംഭവം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പെൺകുട്ടി മുക്തയായിട്ടില്ലാത്തതിനാൽ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

കുട്ടിക്ക് കൗൺസിലിങ്ങ് നൽകിയ ശേഷം മൊഴിയെടുക്കും. വിദഗ്ധ കൗൺസിലിങ്ങിനായി കുട്ടിയെ ഇന്നലെ കോട്ടയം മെഡിക്കൽ കോളോജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം. അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു നൗഫലിന്റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. 

ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടാണ് നൗഫൽ  പെൺകുട്ടിയെ ആക്രമിച്ചത്. സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നുകളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

കൊവിഡ് രോഗികളുമായി പോകുന്ന വാഹനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന നിർദേശം പാലിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ ഒറ്റക്ക് രണ്ട് സ്ത്രീകളുമായി ചികിത്സ കേന്ദ്രത്തിലേക്ക് പോയത്.