കൊച്ചി: എറണാകുളം  അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിൽ ഡൊണേഷൻ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ  ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കൽ കോഴ്സിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കൂത്താട്ടുകുളത്ത് ഫിനീക്സ് എന്ന പേരിൽ എഡ്യൂക്കേഷണൽ കണ്‍സൽട്ടൻസി നടത്തുന്ന അനു ചന്ദ്രൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ ജയകുമാര്‍, മുൻ ഉദ്യോഗസ്ഥൻ ശശിധരൻ എന്നിവരാണ് പിടിയിലായത്. 

മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ചവരുടെ കയ്യിൽ നിന്നാണ് സംഘം പണം തട്ടിയത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്നും ഇവർ വാങ്ങിയത്. കോഴ്സുകൾക്ക് ഡൊണേഷൻ നൽകേണ്ടതില്ല എന്ന കാര്യം അറിയാത്തവരെയാണ് സംഘം കബളിപ്പിച്ചത്. കണ്‍സൽട്ടൻസി നടത്തുന്ന അനുചന്ദ്രന് ഇത്തരം ആളുകളുടെ വിവരം കൈമാറിയത് കോളേജ് ഉദ്യോഗസ്ഥനായ ജയകുമാറാണ്. 

സീറ്റിന് പണം ആവശ്യപ്പെട്ട് ചിലർ വിദ്യാര്‍ത്ഥികളെ സമീപിച്ചത് ശ്രദ്ധയിൽ പെട്ട കോളേജ് അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. തട്ടിപ്പിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മുൻ വര്‍ഷങ്ങളിലും സംഘം സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.