കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ശാസ്ത്രിയ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം. യുവതിയുടെ ഭര്‍ത്താവിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. ഉത്രയുടെ വീടിന് സമീപത്ത് നിന്നും പാമ്പിനെ കൊണ്ട് വന്ന കുപ്പി കണ്ടെത്തി. 

മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ മൂന്ന് മാസം നീണ്ട് നിന്ന ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഉത്രയുടെ സമ്പത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതു കൂട്ടി നടത്തിയ കൊലപാതകമാണന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ 

കൂടുതല്‍ തെളിവ് കണ്ടെത്തുന്നതിന് വേണ്ടി സുരജീന്റെ സഹോദരര്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 
സുരജിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ശാസ്ത്രിയ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഉടന്‍ പുറത്തെടുത്ത് പരിശോധിക്കും.

ഉത്രക്ക് വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം ലോക്കറില്‍ നിന്നും സൂരജ് എടുത്തതായികണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടെത്താന്‍ പൊലീസ് നടപടി തുടങ്ങി. കേസിലെ രണ്ടാം പ്രതിയായ പാമ്പാട്ടിയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളാണ് സൂരജിനെ പിടികൂടാന്‍ സഹായിച്ചത്.  രണ്ട് പ്രാവശ്യമായി പതിനായിരം രൂപ കൈപറ്റി സുരേഷ് പാമ്പിനെ നല്‍കിയതായും കണ്ടെത്തി രണ്ട് പേരക്കും എതിരെ വനം വകുപ്പും കേസ് എടുത്തിട്ടുണ്ട്.