കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

ഉത്രയുടെ ലക്ഷ കണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ്  റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നൽകിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്‍റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ നടത്തിയ കൊലപാതകമാണെന്നാണ് റിമാന്‍റ് റിപ്പോർട്ട്. ആറ് പേജുള്ള റിമാന്‍റ് റിപ്പോർട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്നും പറയുന്നു. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17000 രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് രണ്ട് പാമ്പുകളെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read: ഉത്രയുടെ കൊലപാതകം: സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയതെന്ന് റിമാന്‍റ് റിപ്പോർട്ട്

 

അതേസമയം, ഇന്നലെ കാണാതായ ഉത്രയുടെ മകനും പ്രതി സൂരജിന്‍റെ അമ്മയും തിരിച്ചെത്തി. എറണാകുളത്ത് വക്കീലിനെ കാണാൻ പോയതാണ് എന്നാണ് കുടുംബത്തിൻ്റെ വാദം. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തിച്ചു. സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും. 

Also Read: അഞ്ചല്‍ കൊലപാതകം: ഉത്രയുടെ മകനും സൂരജിന്‍റെ അമ്മയും തിരിച്ചെത്തി