Asianet News MalayalamAsianet News Malayalam

ഉത്ര കൊലപാതകം: അറസ്റ്റ് മുന്‍കൂട്ടി കണ്ട് സൂരജ്, പിടിയിലാകുന്നതിന് തൊട്ടുമുമ്പ് നിയമസഹായം തേടി

ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. 

anchal uthra murder case sooraj gets legal advice before arrest
Author
Kollam, First Published May 28, 2020, 8:45 AM IST

കൊല്ലം: ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നു.

ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയൊക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും. കഴിഞ്ഞ ദിവസം സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ അനുവാദം നല്‍കിയില്ല. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലാണ് അനുമതി നൽകാതിരുന്നത്. 

പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. 29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios