Asianet News MalayalamAsianet News Malayalam

റംസിയുടെ സഹാദരിയെ കാണാതായ കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

ഭാര്യയെ കാണുന്നില്ലെന്ന് കാണിച്ച് ആന്‍സിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്

Ancy who was missing from kollam found in moovattupuzha
Author
Kottiyam, First Published Jan 22, 2021, 3:04 PM IST

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹാദരിയെ കാണാതായ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്.  റംസിക്ക് നീതി വേണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലൂടെ രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയിലെ അംഗമായ ഒരു യുവാവിനൊപ്പമാണ് റംസിയുടെ സഹോദരി ആന്‍സിയെ കണ്ടെത്തിയത്.

ജനുവരി 18നായിരുന്നു ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ആന്‍സിയുടെ ഭര്‍ത്താവ് മുനീര്‍ പൊലീസിനെ സമീപിച്ചത്. ഈ കേസില്‍ ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് ആന്‍സിയെ കണ്ടെത്തിയത്. പത്തുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചായിരുന്നു ആന്‍സി യുവാവിനൊപ്പം പോയത്. 

മൂവാറ്റുപുഴയില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ബെംഗളുരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. കാണാതായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലനീതി വകുപ്പ് അടക്കം ചേര്‍ത്ത് കേസെടുക്കാനുള്ള വിഷയം പരിശോധിക്കുകയാണ് പൊലീസ്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ യുവാവുമായാണ് ആന്‍സി പോയത്. ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് നേരത്തെ കേസുണ്ടെന്നാണ് പൊലീസ് പ്രതികരണം.

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്. വഞ്ചനാകുറ്റം ഉൾപ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസില്‍ ആവശ്യപ്പെട്ടിരുന്നത്. വരന്‍റെ സഹോദരഭാര്യയായ ലക്ഷ്മി പ്രമോദിന്‍റെ നടപടികള്‍ റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു റംസിയുടെ കുടുംബം പരാതിപ്പെട്ടത്.

Follow Us:
Download App:
  • android
  • ios