ഹൈദരാബാദ്: വേറെ യുവതിയെ വിവാഹം കഴിച്ച യുവാവിനെതിരെ മുന്‍ കാമുകിയുടെ ആസിഡ് ആക്രമണം, അന്ധ്രപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ടാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. നാഗേന്ദ്ര എന്ന 23 കാരനാണ് ആസിഡ് ആക്രമത്തില്‍ ഗുരുതരമായ പൊള്ളലേറ്റത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ ആദ്യം യുവതി നടത്തിയ ആസിഡ് ആക്രമണ ശ്രമത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

കേസില്‍ നാഗേന്ദ്രയുടെ മുന്‍ കാമുകി 20 വയസുകാരി സുപ്രിയയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  നാഗേന്ദ്ര, സുപ്രിയയുമായി മൂന്നു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ  ഇരുവരും രണ്ട് ജാതിയില്‍ പെട്ടവരായതിനാല്‍ വിവാഹം നടത്തുവാന്‍ വീട്ടുകാർ  സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മാസം മുൻപ് നാഗേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. 

ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല. കാമുകന്റെ വിവാഹം കഴിഞ്ഞതോടെ ഇയാളെ ആക്രമിക്കാൻ യുവതി പദ്ധതിയിട്ടിരുന്നു. പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡൊഴിക്കാൻ തീരുമാനിച്ചത്. യുവതിയുടെ വീടിനു സമീപത്തുകൂടി പോയപ്പോഴായിരുന്നു ആദ്യത്തെ ആസിഡ് ആക്രമണം. അന്ന് ഇടതു തോളിൽ ചെറിയ പരുക്കുകൾ മാത്രമേ ഏറ്റിരുന്നുള്ളൂ.

പിന്നീടും യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറിൽ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നൽകിയില്ലെങ്കിലും രണ്ടാമത്തേതിൽ പരാതിപ്പെടാൻ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. 

യുവാവിന്റെ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോൾ യുവതിയിൽനിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനൽകാമെന്നു സമ്മതിച്ചിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.