കാസര്‍കോട്: ഗോവയില്‍ മരിച്ച ബ്രണ്ണന്‍കോളേജ്  വിദ്യാര്‍ത്ഥി അഞ്ജനയുടെ കൂടെയുണ്ടായിരുന്നവര്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസിനെ ഭീഷണിപ്പെടുത്തി മുന്നോട്ട് പോയതായി പരാതി. കാറിലെത്തിയ സംഘം പൊലീസിനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. പാസ്സില്ലാത്ത യാത്രക്ക് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് അനുമതിനല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ മകളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തമെന്നാവശ്യപ്പെട്ട് അമ്മ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

ബ്രണ്ണന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ അഞ്ജന മരിക്കുന്നത് മെയ് 13 നായിരുന്നു. ഗോവയില്‍ നിന്ന് ഈ സംഘം പാസ്സില്ലാതെ തലപ്പാടി ചെക്ക് പോസ്റ്റിലെത്തിയത് മെയ് 17 ന് രാത്രി എട്ടുമണിക്കും. അനുമതിയില്ലാത്ത യാത്ര പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പൊലീസിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് തടഞ്ഞെങ്കിലും ഇവര്‍ വാഹനവുമായി മുന്നോട്ടുപോയി. രണ്ടാമത്തെ പരിശോധന കേന്ദ്രത്തില്‍ പോലീസ് വീണ്ടും തടയുമ്പോഴേക്കും റവന്യൂ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് പാസ്സ് നല്‍കി പറഞ്ഞു വിടുകയായിരുന്നു. ഗര്‍ഭിണികളും കുട്ടികളും അടക്കം പാസ്സില്ലാതെ എത്തുന്ന എല്ലാവരെയും നടപടികള്‍ പൂര്‍ത്തിയാക്കി വിടാന്‍ മണിക്കൂറുകള്‍ എടുക്കുമ്പോഴായിരുന്നു ഈ സംഘത്തിന് വേണ്ടിയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍.  ഈ നടപടിയില്‍ പോലീസിന് അഭിപ്രായ വ്യത്യാസമുണ്ട്.
 
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ പരാതിയില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ മകളുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ അമ്മ  ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. മകളുടെ ദുരൂഹമരണവും ഒപ്പം മയക്കുമരുന്ന് കച്ചവടവും ഉപയോഗവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്. 

നിലവില്‍ ഗോവ പൊലീസ് അന്വേഷിക്കുന്ന കേസില്‍ വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. തൂങ്ങിമരണമാണെന്നാണ് അഞ്ജനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്ന് മാസം മുമ്പ് മകളെ കാണാനില്ലെന്ന അമ്മ പരാതി നല്‍കിയെങ്കിലും കോടതിയില്‍ ഹാജരായ അഞ്ജന സുഹൃത്തിനൊപ്പം പോവുകയായിരുന്നു. പിന്നീടാണ് ഗോവയിലെത്തുന്നതും അവിടെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും.