Asianet News MalayalamAsianet News Malayalam

മയക്കുമരുന്നിന് അടിമ; അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പൊലീസിനെ ഞെട്ടിച്ച് ആല്‍ബിന്‍

സഹോദരിയുടെ മരണാനന്തര ചടങ്ങിൽപോലും ഒരു കൂസലുമില്ലാതെ പങ്കെടുത്ത പ്രതിക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്ന് പൊലീസ് പറയുന്നു. ആൽബിന‍്റെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം പോലും ക്രൂരത വെളിവാക്കുന്നതാണ്. 

ann mary murder case accused albin character
Author
Kasaragod, First Published Aug 14, 2020, 1:10 PM IST

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാൻ ഐസ്ക്രീമിൽ വിഷം കലർത്തിയ ഇരുപത്തിരണ്ടുകാരൻ ആൽബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ്. മയക്കുമരുന്നിന് അടിമയായ ആൽബിൻ നാട്ടിൽ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല.  സഹോദരിയുടെ മരണാനന്തര ചടങ്ങിൽപോലും ഒരു കൂസലുമില്ലാതെ പങ്കെടുത്ത പ്രതിക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്ന് പൊലീസ് പറയുന്നു.

ആൽബിന‍്റെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം പോലും ക്രൂരത വെളിവാക്കുന്നതാണ്. കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ തന്നെ വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രം ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആല്‍ബിന്‍ ഫോണിൽ സൂക്ഷിച്ചു. കുറ്റകൃത്യത്തിലേക്ക് ആൽബിൻ തയ്യാറെടുത്തതിന്‍റെ സൂചനയായി പൊലീസ് കണ്ടെത്തിയ പ്രധാന തെളിവുകളില്‍ ഒന്നാണത്.

നാട്ടിൽ ഒരാളുമായി പ്രണയത്തിലായിരുന്ന ആൽബിന് ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് തോന്നുകയും ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ആ‌ർഭാട ജിവിതം നയിച്ചിരുന്ന സുഹൃത്തുക്കളെ പോലെയാകാൻ സ്വത്ത് മുഴുവൻ സ്വന്തം പേരിലാക്കാൻ ആല്‍ബിന്‍ ആഗ്രഹിച്ചു. മയക്കുമരുന്നിന് അടിമയായ ആൽബിൻ രാത്രിയിൽ ഉറങ്ങാതെ ഫോൺ കോളുകളിലും ചാറ്റുകളിലും മുഴുകിയിരിക്കുന്ന പ്രകൃതമായിരുന്നു.  ഇക്കാര്യത്തിൽ പലതവണ അച്ഛന്‍ ബെന്നി വഴക്ക് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതൊന്നും അടുത്ത ബന്ധുക്കൾക്ക്  പോലും അറിയുമായിരുന്നില്ല കോട്ടയത്ത് ഓട്ടോ മൊബൈൽ കോഴ്സ് പഠനത്തിന് ശേഷം തമിഴ്നാട് കമ്പത്ത് ട്രെയിനിംഗിനെന്ന് പറഞ്ഞായിരുന്നു ആൽബിൻ വീട്ടിൽ നിന്ന് പോയത്. എന്നാൽ അവിടെ ഹോട്ടൽ ജീവനക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടില്‍ തിരിച്ചെത്തി. ഈ സാഹചര്യത്തിലെ മാനസിക സംഘർഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് കാസർകോട് എസ്പി പറഞ്ഞു. വൈദ്യപരിശോധനയിൽ ആൽബിന് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ അറിയിച്ചു.

Follow Us:
Download App:
  • android
  • ios