കഴക്കൂട്ടം മുതൽ തൃപ്പാദം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തെ വാഹനങ്ങളാണ് തകർത്തത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസും നിരവധി സർക്കാർ വാഹനങ്ങളും അടിച്ചുതകർത്തു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഇന്ന് പുലർച്ചെ തല്ലിത്തകർത്തു. ബൈക്കിലെത്തിയ സംഘമാണ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും വടി കൊണ്ട് അടിച്ചു തകർക്കുകയും ചെയ്തത്. കഴക്കൂട്ടം മുതൽ തൃപ്പാദം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തെ വാഹനങ്ങളാണ് തകർത്തത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസും നിരവധി സർക്കാർ വാഹനങ്ങളും അടിച്ചുതകർത്തു.

മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ വാഹനങ്ങൾ ഈ പ്രദേശത്ത് തകർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.