ഇടുക്കി: മ്ലാമലയിൽ സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചു. ബംഗ്ലാവിന് നേരെയും കല്ലേറുണ്ടായി. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മ്ലാമലയിൽ ജോൺ സക്കറിയ എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ബംഗ്ലാവിന് നേരെയാണ് ആക്രമണമുണ്ടായത്. ബംഗ്ലാവിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കോർപ്പിയോ കാർ തീവച്ച് നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയതോടെ കല്ലേറായി. ബംഗ്ലാവിലുണ്ടായിരുന്ന ജോൺ സക്കറിയുടെ സഹോദരൻ മാത്യുവിനും ഭാര്യക്കും നേരെയും കയ്യേറ്റത്തിന് ശ്രമിച്ചു

വീട്ടുകാരുടെ പരാതിയിൽ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇവരെ ഉടനെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. ജോൺ സക്കറിയയും മറ്റൊരു സഹോദരനും തമ്മിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇപ്പോൾ നടന്ന ആക്രമണത്തിന് അതുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.