മലപ്പുറം: വളാഞ്ചേരിയിൽ 17 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി നടക്കാവിൽ ഷംസുദ്ദീന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. വളാഞ്ചേരി നഗരസഭയിലെ കൗൺസിലറായ പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി നേരത്തെ കീഴ്‍ക്കോടതിയും തള്ളിയിരുന്നു. 

മുൻകൂർ ജാമ്യഹർജി മഞ്ചേരി ജില്ലാ കോടതി തള്ളിയതോടെയാണ് ഷംസുദ്ദീൻ നടക്കാവിൽ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. മുൻ ജാമ്യഹർജി ഹൈക്കോടതി കൂടി തള്ളിയതോടെ ഇനി ഷംസുദ്ദീന്‍ പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കും. പൊതു പ്രവർത്തകനും വളാഞ്ചേരി നഗരസഭ ഇടതുകൗൺസിലറുമായ ഷംസുദ്ദീനെതിരെയുള്ള പോക്സോ കേസ് എറെ ചർച്ചയായിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് ഷംസുദ്ദീനെതിരെയുള്ള പരാതി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് പ്രതി. പെൺകുട്ടിയുടെ പരാതി മലപ്പുറം ചൈൽഡ് ലൈനാണ് വളാഞ്ചേരി പൊലീസിന് കൈമാറിയത്. പരാതി പിൻവലിപ്പിക്കാൻ ഷംസുദ്ദീൻ സമ്മർദ്ദവും ഭീഷണിയും പ്രയോഗിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു.

ഇതേതുടർന്ന് പെൺകുട്ടി കുറേ ദിവസം ചൈൽഡ് ലൈന്‍റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് സഹായിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. എന്നാൽ മുൻകൂർ ജാമ്യഹർജിയിൽ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നതുകൊണ്ടാണ് അറസ്റ്റു ചെയ്യാതിരുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ അറസ്റ്റിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.