എടപ്പാൾ: വിദ്യാര്‍ത്ഥിയോ രക്ഷിതാവോ അറിയാതെ പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങി.എസ്.എസ്.എല്‍.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ മലപ്പുറം എടപ്പാളിലെ ശിഖയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

എസ്എസ്എല്‍സി പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച മിടുക്കിയാണ് ശിഖ. എടപ്പാള്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കൻഡറി സ്കൂളിലാണ് പഠിച്ചിരുന്നത്. പരീക്ഷാഫലം വന്നതിനു പിന്നാലെയാണ് ശിഖയോ രക്ഷിതാക്കളോ അറിയാതെ ഉത്തരപ്പേപ്പറുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷ സമര്‍ച്ചത്.

കുട്ടിയുടെ രജിസ്റ്റര്‍ നമ്പറും ജനനതിയ്യതിയും വച്ച് ആര്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാവുന്ന ഓൺലൈൻ സംവിധാനമാണ് ഇപ്പോഴുള്ളത്. ഒരു പേപ്പറിനും 400 രൂപ വീതം ഫീസടക്കേണ്ടതുണ്ടെങ്കിലും പൊന്നാനി താലൂക്ക് നിയന്ത്രിത മേഖലയായതിലാല്‍ പണം അടക്കുന്നതിന് സാവകാശം നല്‍കിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് അപേക്ഷ നല്‍കിയിട്ടുള്ളത്. പരാതിയില്‍ കേസെടുത്ത ചങ്ങരംകുളം പൊലീസ് അക്ഷയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.