ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ പ്രതിഷേധം. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറാൻ കാരണമെന്ന് അർച്ചനയുടെ കുടുംബവും ആരോപിച്ചിരുന്നു.

കഴിഞ്ഞ 12 ആം തീയതി ആണ് നഴ്സിംഗ് വിദ്യാർത്ഥിയായ അർ‍ച്ചന വിശ്വനാഥൻ ആത്മഹത്യ ചെയ്തത്. കണ്ടല്ലൂർ സ്വദേശിയായ യുവാവ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമായി കുടുംബം ആരോപികുന്നത്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസിന്‍റെ അന്വേഷണം തൃപ്തകരമല്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.

അർച്ചനയുടെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. ഇതിൽ യുവാവിന്‍റെ പേര് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഇത്തരം തെളിവുകൾ പൊലീസ് അവഗണിക്കുന്നുവെന്നാണ് ജനകീയ സമിതിയുടെ ആരോപണം. അതേസമയം, ആത്മഹത്യാപ്രേരണാകുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഇല്ലെന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്‍റെ വിശദീകരണം