വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അജേഷ് അതിന് തയ്യാറാകാതെ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

തിരുവനന്തപുരം: തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ യുവാവ് അറസ്റ്റില്‍. തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അജേഷ് (33) ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ പൂങ്കൂളം സ്വദേശി പ്രേംശങ്കര്‍ ഒളിവിലാണെന്ന് കോവളം പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. വെളളാര്‍ കണ്ണംകോട് ഗുരുമന്ദിരത്തിന് സമീപം വിജയന്‍ (60), ഭാര്യ സിന്ധു(57) മകന്‍ അനന്തു(17) എന്നിവരെയാണ് രണ്ടംഗ സംഘം കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ചത്. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും കാറിനുളളിലിരുന്ന അജേഷ് തയ്യാറാകാതെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഈ സമയം റോഡിനടുത്തുളള കടയില്‍ നിന്ന് അജേഷിന്റെ സുഹ്യത്തായ പ്രേം ശങ്കറെത്തി വാക്കേറ്റം നടത്തുകയും ഗൃഹനാഥനെയും മകനെയും കല്ല് കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് വീടിനുള്ളില്‍ നിന്ന് എത്തിയ വിജയന്റെ ഭാര്യയെ മര്‍ദ്ദിച്ച് തള്ളിയിടുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അജേഷിനെ കോവളം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


യുവദമ്പതികളെ ആക്രമിച്ച സംഭവം; വാർത്തയ്ക്ക് പിന്നാലെ നടപടിക്കൊരുങ്ങി പോലീസ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

YouTube video player