സൂറത്ത്: ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ മകന്‍ നാരായണ്‍ സായ്ക്ക് ജീവപരന്ത്യം. നേരത്തെ നാരായണ്‍ സായ് കുറ്റക്കാരനെന്ന് ഗുജറാത്തിലെ സൂറത്ത് കോടതി കണ്ടെത്തിയിരുന്നു.

2013-ലാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‍ലിയില്‍  ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളാണ് 40-കാരനായ നാരായണ്‍ സായ്ക്കെതിരെ പരാതി നല്‍കിയത്. 

2002-2005 കാലയളവില്‍ ആശ്രമത്തില്‍ താമസിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി സഹോദരിമാരില്‍ ഒരാള്‍ പരാതിയില്‍ പറഞ്ഞു. 1997നു 2006നും ഇടയ്ക്ക് അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ വച്ച് ആസാറാം ബാപ്പു പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ മൊഴി നല്‍കിയിരുന്നു. 

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. കേസില്‍ നാരായണ്‍ സായ്‍യുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. 

ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.