കൊച്ചി: എറണാകുളം പറവൂരില്‍ വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന അസം സ്വദേശിയെ എക്സൈസ് പിടികൂടി. ഇയാളില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും പിടികൂടി. ഏലൂർ മുട്ടാർ റോഡിലെ പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കച്ചവടമാണെന്ന് മനസ്സിലാകുന്നത്.

വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്.  ഒരു കിലോ 300 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍റ് ചെയ്തു.

വരാപ്പുഴയുടെ വിവിധ മേഖലകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്.  ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിലടക്കം പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. എക്സൈസ് ഇൻസ്പെക്ടർ എം മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍.