തിരുവനന്തപുരം: മദ്യപിച്ച് വണ്ടിയോടിച്ചെന്ന് ആരോപിച്ച് എസിപി വണ്ടിയിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചെന്ന ആരോപണവുമായി പട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ. എസിപിയുടെ വണ്ടിയിലിടിച്ചു എന്ന് പറഞ്ഞാണ് നടുറോഡിലിട്ട് തല്ലിയതെന്നും ചെവിക്ക് പരിക്കേറ്റ താനിപ്പോഴും മെഡിക്കൽ ലീവിലാണെന്നും പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. പരാതി പറയാൻ പേടിയാണെന്നും കള്ളക്കേസ് ഇപ്പോഴും നിലനിൽക്കുകയാണെന്നും പൊലീസുദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ലാണ്. 

പൊലീസുദ്യോഗസ്ഥന്‍റെ വാക്കുകളിലേക്ക്: ''ഒരു എസിപി, എന്‍റെ വണ്ടിയിൽ ആരോ ഇടിച്ചിട്ട് പോയി എന്ന് പറഞ്ഞ് എന്നെ പിടിച്ചു. ഞാൻ ഇദ്ദേഹത്തോട്, 'ഞാൻ പൊലീസുകാരനാണ് സാർ' എന്ന് പറഞ്ഞു. അപ്പോൾ എന്നെ പിടിച്ചിറക്കി അടിച്ചു. എന്നോട് എന്ത് വൈരാഗ്യമാണെന്ന് അറിയില്ല.

എന്നെ മൂന്ന് നാല് അടിയടിച്ചു. എനിക്ക് തീരെ വയ്യാതായി. പിറ്റേന്ന് ഞാൻ അണ്ടൂർക്കോണം ആശുപത്രിയിൽ പോയി. ചെവിക്ക് വേദന കൂടിയപ്പോൾ അവർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഞാൻ ഇപ്പോഴും ചികിത്സയിലാണ്. വയ്യാതിരിക്കുകയാണ്. മെഡിക്കൽ ലീവിലാണ്. പക്ഷേ ഞാൻ പരാതി പറയില്ല. 

നമ്മള് പരാതി പറയാൻ പോയാൽ ഇതിനേക്കാൾ ദുരനുഭവം ഉണ്ടാകും. പേടിച്ചിട്ടാണ് പരാതി പറയാതിരുന്നത്. ഇപ്പോൾ ഇത്രയല്ലേയുള്ളൂ. പരാതി പറഞ്ഞാൽ ഇതിനേക്കാൾ വലിയ ദുരനുഭവമായിരിക്കും'', പൊലീസുദ്യോഗസ്ഥൻ പറയുന്നു. 

സംസ്ഥാനത്ത് പൊലീസ് ഭരണം പെരുവഴിയിലോ? ന്യൂസ് അവറിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ‍‍ർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോൺ ചർച്ച ചെയ്യുന്നു. പൂർണരൂപം കാണാം: