മലപ്പുറം പുലാമന്തോള്‍ സ്വദേശി ഷെഫീറാണ് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്.

കൊച്ചി : എംടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താൻ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി കൊച്ചിയില്‍ പിടിയിലായി. അലാം മുഴങ്ങിയതോടെ കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ട രണ്ടംഗ സംഘത്തിലെ പ്രധാനിയാണ് പൊലീസ് പിടിയിലായത്. മലപ്പുറം പുലാമന്തോള്‍ സ്വദേശി ഷെഫീറാണ് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കൊച്ചിയിലെ സിസി ടിവി റിപ്പയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷെഫീര്‍. മൂന്നാഴ്ച്ച മുമ്പാണ് കൊച്ചി പനമ്പള്ളി നഗറിലെ എസ് ബി ഐ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം നടന്നത്. 

അലാം മുഴങ്ങിയതോടെ പ്രതികള്‍ കവര്‍ച്ച ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബാങ്കിന്‍റെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെഫീര്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതിയായി പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി മുഹമ്മദ് അസ്ലാഖും ഉണ്ടെന്ന് വ്യക്തമായി. ഒളിവിലുള്ള ഇയാളെ കണ്ടെത്താനായിട്ടില്ല. ഷെഫീര്‍ നേരത്തെ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്.

Read More : വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും; അന്തിമ വിജ്ഞാപനം ഇറക്കി കേന്ദ്രം