മർദ്ദനത്തെ തുടർന്ന് തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. സംഭവത്തിൽ തിക്കോടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കോഴിക്കോട്: കോഴിക്കോട് തിക്കോടി ബീച്ചിൽ ദമ്പതികൾക്ക് മർദ്ദനം. മർദ്ദനത്തെ തുടർന്ന് തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. ഡ്രൈവ് ഇൻ ബീച്ചിൽ വാഹനമിറക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ തിക്കോടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ചൊവ്വാഴ്ച വൈകീട്ടാണ് തിക്കോടി സ്വദേശി രൂപക്കും ഭാര്യയും മക്കളും ബന്ധുവായ സ്ത്രീക്കും മക്കൾക്കുമൊപ്പം തിക്കോടി ബീച്ചിലെത്തിയത്. ഡ്രൈവ് ഇൻ ബീച്ച് ആയതിനാൽ തിക്കോടിയിൽ കാർ ഇറക്കാൻ ശ്രമിക്കുകയായിരുന്നു രൂപക്ക്. ഈ സമയം ഒരു കൂട്ടം യുവാക്കൾ സ്ഥലത്തെത്തി ബീച്ചിൽ വണ്ടി ഇറക്കാൻ പാടില്ലെന്ന് പറഞ്ഞതായി രൂപക്ക് പറയുന്നു. ഇത് സംബന്ധിച്ച് വാക്കു തർക്കമുണ്ടാവുകയും വണ്ടി തിരിച്ച് കയറ്റുന്നതിനിടെ യുവാക്കൾ മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിൽ രൂപക്കിന് തലയ്ക്ക് പരിക്കേറ്റു. കഴുത്തിൽ മുറിവുമുണ്ട്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ രൂപക്കിന്‍റെ ഭാര്യയുടെ തോളെല്ലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. തിക്കോടി ബീച്ചിലെത്തുന്ന സഞ്ചാരികളെ ചിലർ മർദ്ദിച്ചതായി മുമ്പും പരാതി ഉണ്ടായിരുന്നു. എന്നാൽ നടപടി ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രൂപക്കിനെ മർദ്ദിച്ച സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. അക്രമികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.