Asianet News MalayalamAsianet News Malayalam

വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം; പ്രതിയെ പിടികൂടിയില്ല, പ്രതിഷേധവുമായി ജീവനക്കാർ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച  സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. 

Attack on women security official Defendant has not yet been arrested,staff protested
Author
Kerala, First Published Jan 19, 2021, 6:01 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച  സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ പൂവാർ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിൻകര  പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ സമരത്തിൽ രണ്ട് മണിക്കൂറിലേറെ ഒപിയുടെ പ്രവർത്തനം  തടസ്സപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടിയില്ലെങ്കിൽ ആശുപത്രി സ്തംഭിപ്പിക്കുന്ന രീതിയിലേക്ക്  സമരം വ്യാപിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന്  മർദ്ദനമേൽക്കുന്നത്. ആശുപത്രിയിലെത്തിയ പൂവാർ സ്വദേശിയായ റിഷാദിനെതിരെ ബിന്ദു അന്ന് തന്നെ പരാതിയും നൽകിയിരുന്നു. പ്രസവ ചികിത്സാ വിഭാഗത്തിലേക്ക്  ഭാര്യയ്ക്കൊപ്പം പ്രവേശിക്കണമെന്ന ഇയാളുടെ ആവശ്യം ബിന്ദു നിരസിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ബിന്ദുവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു.

റിഷാദിന്റെ മർദ്ദനത്തിൽ ബിന്ദുവിന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിയായ റിഷാദ് ഒളിവിലാണെന്നും, ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും  ഉടൻ പിടിയിലാകും എന്നും നെയ്യാറ്റിൻകര പൊലിസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios