കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീർ ആണ് പൊലീസിന്‍റെ പിടിയിലായത്. കാലിന്‍റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തി കൊണ്ടുവന്ന സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പേസ്റ്റ് രൂപത്തിലുള്ള 1650 ഗ്രാം സ്വർണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീർ പൊലീസിന്‍റെ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് പൊലീസ് സ്റ്റേഷൻ സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കാലിന്‍റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തി കൊണ്ടുവന്ന സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.

ഇന്നലെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ് 1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്. 58,20,000 ത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

Also Read: സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി സൈക്കിളിനുള്ളില്‍ കടത്താന്‍ ശ്രമം, കരിപ്പൂരില്‍ 3 പേര്‍ പിടിയില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യുാവവിനെ പരിശോധിച്ചത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കോഴിക്കോട് കമ്മീഷണർ സിനോയ്.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺകുമാർ.കെ.കെ. പ്രകാശ്.എം, കെ.സലിൽ, ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ.ഇ. കപിൽ ദേവ് സുറൈറ, ഹെഡ് ഹവൽദാർമാരായ സന്തോഷ്കുമാർ.എം, ഇ വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്

Also Read: സ്വർണ്ണം വിട്ടുനൽകാൻ 25000 രൂപ! കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് പിടിച്ചത് സ്വര്‍ണ്ണവും പണവും 4 പാസ്പോര്‍ട്ടുകളും

കഴിഞ്ഞ ഞായറാഴ്ച ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശിയിൽ നിന്നും 29,74,000ത്തോളം രൂപ വില വരുന്ന 572.650 ഗ്രാം സ്വർണ്ണവും, കസ്റ്റംസ് പ്രിവൻറീവ് വിഭാഗം പിടികൂടിയിരുന്നു.