പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഓട്ടോയുമായി പിന്നാലെ എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസി(32) നെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഏഴുവര്‍ഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 നവംബര്‍ 27ന് വൈകീട്ട് 6.15നാണ് സംഭവം നടന്നത്. 

മലപ്പുറത്തെ പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു. ഓട്ടോ വീട്ടിനടുത്തെത്തിയപ്പോള്‍ പ്രതി കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. 

പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. തടഞ്ഞുവെച്ചതിന് 500 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിനതടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു മാസത്തെ അധിക തടവ്, തട്ടിക്കൊണ്ടു പോയതിന് മൂന്നുവര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരുമാസത്തെ അധികതടവ്, പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ഏഴുവര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

Read More : മുമ്പും ആത്മഹത്യാ ശ്രമം, അന്ന് രക്ഷിച്ചത് വഴിയാത്രക്കാര്‍: ആശമോളുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം

ഇതിനിടെ ഇടുക്കി ഉപ്പുതറയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് നാലാം മൈൽ കാത്തിരപ്പാറ കോളനിയിൽ മുല്ലൂത്ത് കുഴിയിൽ എം കെ സിബിച്ചനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് സംഭവം. യുവാവ് സ്നേഹം നടിച്ച് വീട്ടിലെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.