നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരം: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയെ സ്കൂളിൽ നിന്നു കൊണ്ടുവന്നിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതി.

സ്കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. 2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്.

പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.