കൊല്ലം: കൊല്ലം നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓട്ടോറിക്ഷാ ഡ്രൈവർ കുത്തേറ്റ് മരിച്ചു. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഉദയ കിരണാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഗുണ്ടാനേതാവിനെ ആശുപത്രിയിലാക്കി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് നഗരത്തിലെ ഉളിയക്കോവിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. അക്രമണ സംഭവുമായി ബന്ധപ്പെട്ട് കാപ്പ കേസ്സിലെ പ്രതിയും ഗുണ്ടാനേതാവുമായ വിഷ്ണു ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെട്ടേറ്റ് ഗുരുതരമായി പരിക്ക് പറ്റിയ ഗുണ്ടാ നേതാവ് വിഷ്ണു കൊല്ലം ജില്ലാ അശുപത്രിയില്‍ ചികിത്സയിലാണ്. 

കത്തികുത്തില്‍ മരിച്ച ഉദയകിരണിന്‍റെ സഹോദരനും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഉദയകിരണും വിഷ്ണുവും തമ്മില്‍ അടിപിടിയായി മാറിയാണ് കൊലപാതകത്തിലേക്കെത്തിയത്. ഇതിനിടയില്‍  വിഷ്ണുവിന്‍റെ സംഘത്തിലെ മറ്റുള്ളവർ കൂടി എത്തിയതോടെയാണ് വലിയ സംഘര്‍ഷമായി. ആക്രമണത്തില്‍  ഗുരുതര പരിക്കുപറ്റിയ ഉദയകിരണ്‍ സംഭവസ്ഥലത്ത് തന്നെ വച്ചു മരിച്ചു. പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാനേതാവ് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്.