ലഖ്നൗ: ഉത്തർപ്രദേശിലെ ബാലിയയിൽ പൊലീസ് നോക്കി നില്‍ക്കെ 46-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലിയ സ്വദേശി ധീരേന്ദ്ര സിങിനെയാണ് ലഖ്നൗവിൽനിന്ന്  യു പി പൊലീസിന്റെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ സംരക്ഷിച്ചത് ബിജെപി ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ധീരേന്ദ്രസിങ്ങിനെ അനുകൂലിച്ച്  ബി.ജെ.പി. എം.എൽ.എ. രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 

ധീരേന്ദ്രസിങ് ബി ജെ പി പ്രവർത്തകനായിരുന്നുവെന്ന് ബി ജെ പി  എം എൽ എ. സുരേന്ദ്രസിങ് സമ്മതിച്ചിരുന്നു. അതിനിടെ, സംഭവത്തിന് ശേഷം രക്ഷപ്പെട്ട ധീരേന്ദ്രസിങ് ഉത്തർപ്രദേശിലെ ബി ജെ പി നേതാക്കളെ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി ജെ പി നേതാക്കൾ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന് ശേഷം ഒളിവിൽപോയ ധീരേന്ദ്രസിങ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പിന്നീട് രംഗത്തെത്തിയിരുന്നു. താൻ ആരെയും വെടിവെച്ചിട്ടില്ലെന്നും പൊലീസും  പ്രാദേശിക ഭരണകൂടവും അഴിമതിക്കാരാണെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.   

ലഖ്നൗവിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ചയാണ് ബാലിയ ദുർജാൻപൂരിൽ ജയപ്രകാശ്(46) എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. റേഷൻ കടകൾ  അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. പോലീസും സർക്കാർ ഉദ്യോഗസ്ഥരും നോക്കിനിൽക്കേയായിരുന്നു ആക്രമണം..

സംഭവത്തില്‍ ധീരേന്ദ്ര സിങിന്‍റെ കൂട്ടാളികളും കൂട്ടുപ്രതികളുമായ സന്തോഷ് യാദവ്, മരജീത് യാദവ് എന്നിവരെയും പൊലീസ്  പിടികൂടിയിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.  കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ഇവരെയും പൊലീസ് പിടികൂടിയത്. പ്രതികളിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.