Asianet News MalayalamAsianet News Malayalam

'ഇരയല്ല, പോരാളി'; അധ്യാപകന്‍റെ പീഡനം ചെറുത്തു, സഹപാഠികള്‍ തീ കൊളുത്തി കൊലപ്പെടുത്തി

'എന്നെ പ്രധാന അധ്യാപകൻ ഓഫീസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിച്ചു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മരണം വരെ അനീതിയോട് ഞാൻ പോരാടും' - മരണം മുന്നില്‍ കാണുമ്പോഴും നസ്രത്ത് പറഞ്ഞു. 

bangladesh girl molested by teacher burned to death by classmates
Author
Bangladesh, First Published Apr 19, 2019, 2:31 PM IST

നസ്രത്ത്, നീ തീയാണ്...അവര്‍ക്ക് നിന്നെ കൊല്ലാന്‍  സാധിച്ചു, എന്നാല്‍ നിന്‍റെ ആത്മധൈര്യം കെടുത്താന്‍ കഴിഞ്ഞില്ല. മരണമുഖത്ത് നില്‍ക്കുമ്പോഴും താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച് പറയാനുള്ള ധൈര്യം കാണിച്ച 19-കാരി നസ്രത്ത് ജഹാന്‍ റാഫി ഇരയല്ല, പോരാളിയാണ്... സ്കൂളിലെ പ്രധാന അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയതിനാണ് അധ്യാപകന്‍റെ നിര്‍ദ്ദേശ പ്രകാരം സഹപാഠികള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അവളെ കൊന്നത്. ഇരയല്ല വേട്ടക്കാരനാണ് ഭയക്കേണ്ടതെന്ന് ലോകത്തെ അറിയിക്കാന്‍ അവള്‍ക്ക് സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടി വന്നു.

അവളുടെ അതിജീവനത്തിന്‍റെ കനല്‍വഴികള്‍...

സ്കൂളിലെ പ്രധാന അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാര്‍ച്ച് 27-നാണ് നസ്രത്ത് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷനിലെത്തിയ നസ്രത്തിനെ അപമാനിക്കുന്ന രീതിയില്‍ പൊലീസുകാര്‍ ചോദ്യങ്ങളുമായി വളഞ്ഞു. മുഖത്ത് നിന്ന് കൈകള്‍ മാറ്റാനും സുന്ദരമായ മുഖം പ്രദര്‍ശിപ്പിക്കാനും ആവശ്യപ്പെട്ടു. പീഡന വിവരം വെളിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. 

സംഭവത്തില്‍ പ്രധാന അധ്യാപകനായ മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കണെമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. പരാതി നല്‍കിയ ശേഷം ഏപ്രില്‍ 6-ന് പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയ നസ്രത്തിനെ തെറ്റിദ്ധരിപ്പിച്ച് സ്കൂളിന്‍റെ ടെറസില്‍ എത്തിച്ചു. സുഹൃത്തിനെ മര്‍ദ്ദിക്കുന്നെന്ന് കള്ളം പറഞ്ഞാണ് സഹപാഠികള്‍ അവളെ ടെറസില്‍ എത്തിച്ചത്. മുഖം മറച്ച സഹപാഠികള്‍ പരാതി പിന്‍വലിക്കാന്‍ അവളോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ മണ്ണെണ്ണ് ഒഴിച്ച് തീ കൊളുത്തി. മരണം ഉറപ്പാകുമെന്ന് മനസ്സിലായ പെണ്‍കുട്ടി സഹോദരന്‍റെ ഫോണില്‍ നടന്ന സംഭവങ്ങള്‍ പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തു. .

'എന്നെ പ്രധാന അധ്യാപകൻ ഓഫീസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിച്ചു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മരണം വരെ അനീതിയോട് ഞാൻ പോരാടും' - മരണം മുന്നില്‍ കാണുമ്പോഴും നസ്രത്ത് പറഞ്ഞു. 

തുടര്‍ന്ന് പ്രതികളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തു. ഏപ്രില്‍ 10-ന് ബംഗ്ലാദേശിന്‍റെ ഹൃദയം പിളര്‍ത്തി അവള്‍ മരണത്തിന് കീഴടങ്ങി. 

മുഖ്യപ്രതി അബദൂര്‍ റഹിം താനും സുഹുത്തുക്കളായ 11 പേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഏപ്രില്‍ 17 -ന്  കുറ്റസമ്മതം നടത്തി. കൊലപാതകം നടത്താനായി ഏപ്രില്‍ നാലിന് ഗൂഢാലോചന നടത്തിയതായും പ്രതി വെളിപ്പെടുത്തി. 

അവള്‍ മരണത്തിന് കീഴടങ്ങിയെങ്കിലും തോല്‍പ്പിക്കാന്‍ സാധിക്കാത്ത ആ ആത്മധൈര്യം നിരവധി പെണ്‍കുട്ടികള്‍ക്ക് പോരാടാനുള്ള കരുത്ത് പകരുന്നു. ഇപ്പോഴും നസ്രത്തിന് വേണ്ടി തെരുവുകളില്‍ ഒത്തുചേരുന്നവര്‍ക്ക് പറയാനുള്ളതും അവളുടെ അതിജീവനത്തെക്കുറിച്ചാണ്, ധീരതയെക്കുറിച്ചാണ്.

Follow Us:
Download App:
  • android
  • ios