Asianet News MalayalamAsianet News Malayalam

ആക്രി പെറുക്കി വീട് മാര്‍ക്ക് ചെയ്യും, അര്‍ധരാത്രി തോക്ക് ചൂണ്ടി കവര്‍ച്ച; ബംഗ്ലാ കൊള്ളസംഘാംഗങ്ങള്‍ പിടിയില്‍

അഞ്ചു കോടിയിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പൊലിസിനെ കബളിപ്പിച്ച് ഇവര്‍ ബംഗ്ലാദേശിലേക്ക് മുങ്ങിയിരുന്നു

bangladesh theft gang arrested in kochi crime case
Author
Kochi, First Published Oct 2, 2019, 12:26 PM IST

കൊച്ചി: സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളെയാണ് പൊലീസ് വലയിലാക്കിയത്. കൊച്ചിയിലെ രണ്ട് വീട്ടുകാരെ രാത്രിയില്‍ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായത്. 12 അംഗ സംഘത്തില്‍പ്പട്ട ബംഗ്ലാദേശ് സ്വദേശികളായ മാണിക്(35),ആലംഗീര്‍(റഫീഖ്-33) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ പ്രതികള്‍ കൊച്ചിയിലെത്തിയ ആക്രിക്കച്ചവടം നടത്തുന്ന വ്യാജേനയാണ് കവര്‍ച്ച നടത്തിയിരുന്നത്. പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങി നടന്ന് വീട് മാര്‍ക്ക് ചെയ്ത് രാത്രി തോക്കടക്കമുള്ള മാരകായുധങ്ങളുമായെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്‍റെ പതിവ്.

പ്രതികളുടെ അറസ്റ്റിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

എറണാകുളം ലിസി ആശുപത്രി റോഡിനു സമീപമുള്ള ഇല്ലി മൂട്ടില്‍ വീട്, തൃപ്പൂണിത്തുറ എരൂരിലെ വീട് എന്നിവടങ്ങളില്‍ കവര്‍ച്ച നടത്തിയ 12 അംഗ സംഘത്തില്‍പ്പട്ട ബംഗ്ലാദേശ് സ്വദേശികളായ മാണിക്(35),ആലംഗീര്‍(റഫീഖ്-33) എന്നീ പ്രതികളെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് എസ് ഐ മൊയ്തീന്‍, എഎസ് ഐ റഫീഖ്,സീനിയര്‍ സിപിഒ ജയരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

2017 ഡിസംബര്‍ 15 ന് പുലര്‍ച്ചെ 3.30 ഓടെ കലൂര്‍ ലിസി ആശുപത്രി റോഡിലുള്ള ഇല്ലിമൂട്ടില്‍ വീട്ടിലെത്തിയ 12 അംഗ സംഘം മുന്‍വശം വീടിന്റെ ജനലിന്‍റെ ഗ്രില്ല് തകര്‍ത്ത് അകത്തു കയറി വൃദ്ധ ദമ്പതികളെ ആക്രമിച്ചും തോക്കു ചൂണ്ടി ഭീഷണിപെടുത്തിയും കെട്ടിയിട്ട ശേഷം പ്രായമുള്ള സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാലയും കൈയിലെ വളകളും കവര്‍ന്നെടുത്ത് രക്ഷപെടുകയായിരുന്നു.

അക്രമികളെക്കുറിച്ച് യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഡല്‍ഹി സീമാപുരിയില്‍ താമസമാക്കിയവരാണെന്ന് കണ്ടെത്തിയത്. അഞ്ചു കോടിയിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പൊലിസിനെ കബളിപ്പിച്ച് ഇവര്‍ ബംഗ്ലാദേശിലേക്ക് മുങ്ങിയിരുന്നു.

അനധികൃത മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി കടന്നെത്തിയ സംഘം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും ഹൈദരാബാദ്, ബാംഗ്ലൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി പൊലിസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറു പേരെ പിന്നീട് പിടികൂടി. ഞാറയ്ക്കല്‍ ഓച്ചന്‍തുരുത്ത് ഭാഗത്ത് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്ത ശേഷമാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്.

സംഘത്തിലെ പ്രധാനിയായ നസീര്‍ഖാന്‍ എന്നു വിളിക്കുന്ന നൂര്‍ഖാന്‍ ഇപ്പോഴും ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണ്. ആക്രി സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന സഞ്ചരിച്ചാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീടുകള്‍ ഇവര്‍ കവര്‍ച്ചയ്ക്കായി കണ്ടെത്തിയത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അര്‍ധ രാത്രിയില്‍ സ്ഥലത്തെത്തുന്ന സംഘം വീടിന്‍റെ ജനല്‍ ഗ്രില്‍ ഇളക്കിമാറ്റിയശേഷം അകത്ത് കയറി വീട്ടുകാരെ ബന്ദികളാക്കി കൊള്ളയടിക്കുകയാണ് പതിവ്.

പ്രതികളെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെപ്യൂടി പോലിസ് കമ്മീഷണര്‍ പുങ്കുഴലി അന്വേഷണത്തിനായി എസ് ഐ മൊയ്തീന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ മാണിക്കിനെ കണ്ണൂരിലെത്തിയാണ് അറസ്റ്റു രേഖപെടുത്തിയത്. തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആലംഗീറിനെ അന്വേഷണ സംഘം തീഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപെടുത്തി. കൂടുതല്‍ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Follow Us:
Download App:
  • android
  • ios